ശമ്പളം: 34,000-1,03,400 രൂപ: അയ്യായിരത്തിലധികം ഒഴിവുകള്‍, FCI-യില്‍ നോണ്‍ എക്‌സിക്യുട്ടീവ്

Share

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍, നോണ്‍ എക്‌സിക്യുട്ടീവ് തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 5,043 ഒഴിവിലേക്കാണ് വിജ്ഞാപനം (വിജ്ഞാപനനമ്പര്‍: 01/2022). ജൂനിയര്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലാണ് അവസരം. ഡിഗ്രിക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം.

കേരളമുള്‍പ്പെടുന്ന സൗത്ത് സോണില്‍ 989 ഒഴിവുണ്ട്. നോര്‍ത്ത്-2,388, ഈസ്റ്റ്-768, വെസ്റ്റ്-713, നോര്‍ത്ത്-ഈസ്റ്റ്-185 എന്നിങ്ങനെയാണ് മറ്റു സോണുകളിലെ ഒഴിവുകളുടെ എണ്ണം.
കേരളത്തിലെ ഒഴിവുകളില്‍, ജനറല്‍-363, എസ്.സി.-173, എസ്.ടി.-44, ഒ.ബി.സി.-300, ഇ.ഡബ്ല്യു.എസ്.-109 എന്നിങ്ങനെയാണ് സംവരണം. ഭിന്നശേഷിക്കാര്‍ക്ക് 37 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് പട്ടിക കാണുക. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സോണിലെ, ഏതെങ്കിലും ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.


തസ്തികയും യോഗ്യതയും

ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍ എന്‍ജിനീയറിങ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍, ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍, ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
സ്റ്റെനോ ഗ്രേഡ്-II: ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്-മിനിറ്റില്‍ 40 വാക്ക്, ഷോര്‍ട്ട്ഹാന്‍ഡ്-80 വാക്ക് സ്പീഡും.േ
അസിസ്റ്റന്റ് ഗ്രേഡ്-III (ജനറല്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (അക്കൗണ്ട്സ്): കൊമേഴ്സ് ബിരുദവും കംപ്യൂട്ടറില്‍ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (ടെക്നിക്കല്‍): ബി.എസ്സി. (അഗ്രിക്കള്‍ച്ചര്‍)/ബി.എസ്സി. (ബോട്ടണി/ സുവോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഫുഡ് സയന്‍സ്). അല്ലെങ്കില്‍, ബി.ഇ./ബി.ടെക്. (ഫുഡ് സയന്‍സ്/ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ ബയോടെക്നോളജി). അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പ്രാവീണ്യവുമുണ്ടായിരിക്കണം.
അസിസ്റ്റന്റ് ഗ്രേഡ്-III (ഡിപ്പോ): ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (ഹിന്ദി): ഹിന്ദിയില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും (വിശേഷിച്ച് ട്രാന്‍സ്ലേഷന്‍ ചെയ്യാനുള്ള ഭാഷാപരിജ്ഞാനം) ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാന്‍സ്ലേഷനില്‍ കുറഞ്ഞത് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ് നേടിയിരിക്കണം.

പ്രായപരിധി: ജൂനിയര്‍ എന്‍ജിനീയര്‍-28 വയസ്സ്, സ്റ്റെനോ-25 വയസ്സ്, അസിസ്റ്റന്റ് ഗ്രേഡ്-III (ജനറല്‍, അക്കൗണ്ട്സ്, ടെക്നിക്കല്‍, ഡിപ്പോ)-27 വയസ്സ്, അസിസ്റ്റന്റ് ഗ്രേഡ്-III (ഹിന്ദി)-28 വയസ്സ് എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും നിയമപരമായി വിവാഹമോചനം നേടിയശേഷം പുനര്‍വിവാഹിതരായിട്ടില്ലാത്ത സ്ത്രീകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സ്, ഒ.ബി.സി.-38 വയസ്സ്) ഇളവ് ലഭിക്കും.പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.


ശമ്പളം: ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളില്‍ 34,000-1,03,400 രൂപ, സ്റ്റെനോ ഗ്രേഡ്-II തസ്തികയില്‍ 30,500-88,100 രൂപ, അസിസ്റ്റന്റ് ഗ്രേഡ്-III തസ്തികകളില്‍ 28,200-79,200 രൂപ എന്നിങ്ങനെയാണ് ശമ്പള സ്‌കെയില്‍.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടുഘട്ട ഓണ്‍ലൈന്‍ പരീക്ഷയുണ്ടാവും. ഒന്നാംഘട്ടത്തിലെ പരീക്ഷ പൊതുവായിട്ടാണ് നടത്തുക. രണ്ടാംഘട്ടത്തിലേത് തസ്തികകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒന്നാംഘട്ട പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, റീസണിങ് എബിലിറ്റി, ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ സ്റ്റഡീസ് എന്നിവയായിരിക്കും വിഷയങ്ങള്‍. 100 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. ഒബ്ജക്ടീവ് ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്സ്) മാതൃകയിലായിരിക്കും ഒന്നാംഘട്ട പരീക്ഷ. ഒരുത്തരത്തിന് ഒരു മാര്‍ക്ക്. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. എന്നാല്‍, ഉത്തരമെഴുതാതെ വിട്ടാല്‍, നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കില്ല. ഒന്നാംഘട്ട പരീക്ഷയുടെ മാര്‍ക്ക്, റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിക്കില്ല.
രണ്ടാംഘട്ട പരീക്ഷയെ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. കേരളത്തില്‍ ഒന്നാംഘട്ട പരീക്ഷയ്ക്ക് കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ടായിരിക്കും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി മാത്രമായിരിക്കും കേന്ദ്രം.

See also  SBI SO Recruitment 2022: Apply for 665 Posts, salary upto Rs 35 lakh

അപേക്ഷാഫീസ്: 500 രൂപ (കൂടാതെ ബാങ്ക് ചാര്‍ജും). ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ബാധകമല്ല.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.fci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഫോട്ടോ, ഒപ്പ്, ഇടതുവിരലടയാളം, വെള്ളപ്പേപ്പറില്‍ കൈകൊണ്ടെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. സെപ്റ്റംബര്‍ 6 മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 5.

Apply Here


Similar Posts