മിലിട്ടറി പോലീസില്‍ ചേരാം; വനിതകള്‍ക്ക് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി ഉടന്‍.
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
യോഗ്യത: കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശാരീരികയോഗ്യത: അപേക്ഷകര്‍ക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം.
പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 17.5-23 വയസ്സ്. അപേക്ഷകര്‍ 1999 ഒക്ടോബര്‍ ഒന്നിനും 2005 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായി 1.6 കിലോമീറ്റര്‍ ഓട്ടം (7 മിനിറ്റ് 30 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണം), ലോങ് ജമ്പ് (10 അടി), ഹൈജമ്പ് (മൂന്നടി) എന്നിവയില്‍ യോഗ്യത നേടണം. വൈദ്യപരിശോധനയ്ക്കുശേഷം യോഗ്യരായവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടായിരിക്കും.
എന്‍.സി.സി. ‘സി’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.
റിക്രൂട്ട്‌മെന്റ് റാലിയുടെ 20 ദിവസം മുന്‍പായി അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ചെയ്ത ഇ-മെയിലിലേക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ അയച്ചുനല്‍കും. റാലിയില്‍ പങ്കെടുക്കുന്നവര്‍ 20 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും ഒറിജിനലും പകര്‍പ്പുകളും കൊണ്ടുപോകണം.
www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കണം. ഒക്ടോബര്‍ 12 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 7.